Monday 6 July 2009

ഭൂമിയിലെ നരകം

കാശ്മീര്‍. . .
നീ സ്വര്‍ഗമല്ല
നരകമാണിന്ന്
. . .
നിന്റെ താഴ്വരകളില്‍
വിടരുന്നത് കുങ്കുമപ്പൂക്കളല്ല
മരണമാണ്.
പൊഴിയുന്നത് മഴയും
മഞ്ഞുമല്ല

ചോരയാണ്.
കേള്‍ക്കുന്നത്
മിര്‍സാ ഗാലിബിന്റെ
ഗസലുകളല്ല
വെടിയൊച്ചകളാണ്.
ഒഴുകിയകലുന്നത്
ഒരു
ജനതയുടെ
സ്വപ്നങ്ങളാണ്.

കാശ്മീര്‍. . .
നിന്റെ നനുത്ത,
ശാന്തമായ പുലരികള്‍
എങ്ങുപോയ് മറഞ്ഞു ?
പകലുകള്‍ക്ക്
മരണത്തിന്റെ മുഖമാണിന്ന്.
നിന്റെ തണുത്ത
നിലാവുള്ള രാത്രികള്‍
എങ്ങു പോയകന്നു ?
സന്ധ്യകള്‍ക്ക് പോലും
ഭയത്തിന്റെ ഇരുട്ടാണിന്ന്.

കാശ്മീര്‍. . .
നിന്റെ ഹൃദയത്തിലൂടൊഴുകുന്ന
സിന്ധുവിന്നശാന്തയാണ്
കണ്ണുനീരും ചോരയും കലര്‍ന്ന്
കലങ്ങിമറിഞ്ഞാണവളൊഴുകുന്നത്.
നിന്റെ ആകാശത്തില്‍
വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ
പാറിപ്പറന്ന പക്ഷികള്‍
നിന്നിലേക്ക് ചേക്കേറില്ലിനി.
കറുത്തിരുണ്ട മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ
അവ ജീവനുംകൊണ്ട് പലായനം ചെയ്തു.

കാശ്മീര്‍. . .
നിന്റെ താഴ്വരകളില്‍
കുങ്കുമപൂക്കള്‍ പൂവിടുന്നതും
മഴയും മഞ്ഞും നിന്നിലേക്ക്
പെയ്തിറങ്ങുന്നതും
മിര്‍സാ ഗാലിബിന്റെ
ഗസലുകള്‍
നിന്റെയുള്ളം നിറഞ്ഞ് നീ പാടുന്നതും
സിന്ധു ശാന്തമായൊഴുകുന്നതും
പക്ഷികള്‍ വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ
പറന്നുയരുന്നതും
ഒരു സ്വപ്നത്തിലെങ്കിലും
കാണുവാന്‍ കഴിയുമോ ഇനി. . .?

Thursday 4 June 2009

മിഴിയില്‍ ഒരു മഴ

അനന്തമായ നീലാകാശം
പൊടുന്നനെ കറുത്തിരുണ്ടു.
മഴയുടെ തേരും വലിച്ച്
യന്ത്രപ്പക്ഷികള്‍ ചിറകടിച്ചു പറന്നു.
ഞങ്ങള്‍ ആകാശത്തേക്ക് കണ്ണുമിഴിച്ചു
മഴ മിഴികളിലൂടെ പൊഴിഞ്ഞുവീണു
മണ്ണും മരങ്ങളും നനഞ്ഞുകുതിര്‍ന്നു
കാറ്റ് വീശിയടിച്ചു
മരങ്ങളില്‍ നിന്നും ഇലകള്‍
മണ്ണിലേക്ക് പൊഴിയാന്‍ തുടങ്ങി.
ആരൊക്കെയോ പറഞ്ഞു,
മരങ്ങള്‍ക്ക് വയസ്സറ്റതിനാലാവണം
ഇലകള്‍ പൊഴിക്കുന്നത്.
ഞങ്ങള്‍ കയര്‍ത്തു
മഴയും കാറ്റും ചേര്‍ന്നാണിലകള്‍
പൊഴിച്ചത്...
അവര്‍ സമ്മതിച്ചില്ല
ഞങ്ങളുടെ വാക്കുകള്‍ മുറിയുകയും
കാഴ്ച്ച മങ്ങുകയും ചെയ്തു.
വീണ്ടും ചിറകടിച്ചുയര്‍ന്ന
യന്ത്രപ്പക്ഷികളുടെ ചിലമ്പല്‍
ആകാശത്തിന്റെ അനന്തതയില്‍ നിന്നും
പെയ്തിറങ്ങുന്ന വിഷമഴ . . .
ഒടിഞ്ഞുതൂങ്ങുന്ന ചില്ലകള്‍,
മരിച്ചുവീഴുന്ന മനുഷ്യര്‍
ഇപ്പോള്‍ ഞങ്ങളുടെ പകലുകള്‍ പോലും
ഇരുട്ടിലാണ്ടുപോയിരിക്കുന്നുസമര്‍പ്പണം : എന്റോസള്‍ഫാന്‍ തീര്‍ത്ത ദുരിതങ്ങളും പേറി മരിച്ചു ജീവിക്കുന്ന കാസര്‍കോഡ് എന്മകജേ, ബോവിക്കാനം പ്രദേശങ്ങളിലെ പകലുകള്‍ പോലും ഇരുട്ടിലാണ്ട മനുഷ്യജീവിതങ്ങള്‍ക്ക്...

Saturday 9 May 2009

വിശപ്പ്

പള്ളിക്കൂടത്തിന്റെ
വിള്ളലുകള്‍ വീണ
മണ്‍ചുവരില്‍ ചാരി
പുറകിലത്തെ ബഞ്ചില്‍
മഴനനഞ്ഞൊരു കുട്ടി
തണുത്തുവിറച്ചിരിപ്പുണ്ട്.
കുടുക്കുകള്‍ പൊട്ടി,
കീറലുകള്‍ വീണ,
നനഞ്ഞുകുതിര്‍ന്ന
അവന്റെ കുപ്പായത്തിനുള്ളില്‍
തെളിഞ്ഞുകാണുന്നത്
ദാരിദ്ര രേഖകള്‍
വരച്ചു
ചേര്‍ത്ത
വിശപ്പിന്റെ ഭൂപടമാണ്.
നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന
അക്ഷരങ്ങളൊലിച്ചുപോയ
കീറിപ്പറിഞ്ഞ പുസ്തകങ്ങളില്‍
ഒളിഞ്ഞിരിക്കുന്നത്
കണ്ണീരില്‍ കുതിര്‍ന്ന
ഒരു വിധവയുടെ സ്വപ്നങ്ങളാണ്.
കറുത്ത ബോര്‍ഡില്‍
എ പ്ലസ് ബിയും എ മൈനസ് ബിയും
തെളിഞ്ഞു മായുമ്പോള്‍
അവന്റെ കണ്ണുകളില്‍ തെളിയുന്നത്
വിശപ്പിന്റെ സമവാക്യങ്ങളാണ്.
കാതുകള്‍ തേടുന്നത് ഉച്ചക്കഞ്ഞിക്കായുള്ള
മണിമുഴക്കങ്ങളാണ്.
അധ്യാപകന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍
ഉത്തരങ്ങള്‍ തലകുനിക്കുമ്പോള്‍
കൈവെള്ളയില്‍ ചുവന്നപാടുകള്‍ തീര്‍ത്ത്
ചൂരല്‍ ഉയര്‍ന്നുതാഴും
അപ്പോള്‍ ചുണ്ടുകള്‍ വിറച്ച്
കണ്ണുനീര്‍ ശബ്ദങ്ങളില്ലാതെ ഇറ്റു വീഴും.
വേദന സിരകളില്‍ അഗ്നിയായ് പടരും.
കണ്ണുകള്‍ കറങ്ങി അവന്‍
നിലത്ത് വീഴുമ്പോഴും
അടക്കിപിടിച്ച ചിരികള്‍ ഉയര്‍ന്നു കേള്‍ക്കാം.
ഹോ...! കണ്ണട വച്ചിട്ടും അധ്യാപകന്റെ കണ്ണുകള്‍
കാണുന്നില്ലല്ലോ
പുറകിലത്തെ ബഞ്ചിലെ
ഒന്നും പഠിക്കാത്ത കുട്ടിയുടെ
ഉള്ളിലൂറുന്ന വിശപ്പ്.

Monday 23 March 2009

“ ഇങ്ക്വിലാബ് സിന്ദാബാദ് ”

മാര്‍ച്ചിന്റെ താളുകളില്‍
ആളിപ്പടര്‍ന്ന്,
ത്യാഗത്തിന്റെയുത്തുംഗ മാതൃക കാട്ടി
നിര്‍ഭയനായി,
ചിരിച്ചുല്ലസിച്ച്,
ശിരസ്സുയര്‍ത്തിപ്പിടിച്ച്
കഴുമരത്തിലേക്ക് നടന്നു കയറിയ
വീര ഇതിഹാസമേ. . .
ഓര്‍ക്കുന്നു ഞാനിന്നു നിന്‍ മുഖം.
കാണുന്നു നിന്റെ മിഴികളിലെയൊരിക്കലു-
മണയാത്തയഗ്നി.
മുഴങ്ങുന്നു നിന്റെ ദേശാഭിമാനം
തുളുമ്പുന്ന വാക്കുകള്‍ കാതിലിന്നും.
തിളയ്ക്കുന്ന ചോരചാലിച്ച് നീ തീര്‍ത്തയിടി-
മുഴക്കങ്ങളെന്നിലെന്നുമുണ്ടാകുമുറപ്പ്.
ഏതു പേമാരി പെയ്തിറങ്ങിയാലും,
കൊടുങ്കാറ്റെത്രയാഞ്ഞു വീശിയാലും,
ഇലകളായ് വര്‍ഷങ്ങളെത്ര കൊഴിഞ്ഞാലും
കെടുകയില്ലാത്മാവിന്നാഴങ്ങളില്‍
നീ തീര്‍ത്ത വിപ്ലവത്തിന്‍ ജ്വാലകള്‍. . .
“ഇങ്ക്വിലാബ് സിന്ദാബാദ് ”

Wednesday 28 January 2009

പരാജിതരിലെ വിജയി

ഫലസ്തീന്‍....
നീ സര്‍വ്വംസഹ....
നിന്റെ കണ്ണുനീര്‍
തോരാതെ പെയ്യുന്നു.
ഇടിവെട്ടി പേമാരിപോല്‍
ബോംബും ഷെല്ലും വെടികളും
പെയ്തിറങ്ങുമ്പോള്‍
നിന്റെ ദൈന്യത ആരുകാണുന്നു ?
ഫലസ്തീന്‍....
നീ രക്തസാക്ഷി....
ചോരവാര്‍ന്നൊഴുകി
നീയും നിന്റെ മക്കളും
മരണത്തിന്റെ വാതായനങ്ങള്‍
മലര്‍ക്കെ തുറക്കുമ്പോള്‍
ആര്‍ത്തി തീരാതെ കഴുകന്‍
നിന്റെ ഭൂപടത്തെ വീണ്ടും വീണ്ടും
കൊത്തി വലിക്കുന്നു.
എങ്കിലും ഫലസ്തീന്‍....
നീ പരാജിതരിലെ വിജയി....
ഒരു കയ്യില്‍ സമാധാനത്തിന്റെ
ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല.Thursday 15 January 2009

യാത്ര.......

യാത്ര.......
മുന്നില്‍ കാണുന്ന വഴികളിലൂടെ,
കണ്ണില്‍ തെളിയുന്ന വഴികളിലൂടെ,
അതിരുകളില്ലാതെ അകലങ്ങളിലേക്ക്.....
ലോകം മുഴുവന്‍ തുറന്നിട്ട വഴികള്‍
തുറന്നുവച്ച മനസ്സും,
അടയാത്ത മിഴികളും
തളരാത്ത കാലുകളുമായി
കല്ലുനിറഞ്ഞ വഴികളിലൂടെ....
മുള്ളു നിറഞ്ഞ വഴികളിലൂടെ....
നിശ്ശബ്ദത നിറഞ്ഞ
ഇരുണ്ട ലോകത്തിന്റെ
ഇടനാഴികളിലുടെ
ഞാന്‍ നടക്കും.
മഞ്ഞു വീണു തുടങ്ങുമ്പോള്‍
മഴ പൊഴിയാന്‍ തുടങ്ങുമ്പോള്‍
വിശാലമായ, സുഗന്ധം നിറഞ്ഞ
പ്രകാശ പൂരിതമായ
വഴികളിലേക്ക് ഞാന്‍ കടക്കും
അവിടെ സ്വപ്നങ്ങളുടെ
ശവക്കല്ലറകള്‍ കാണാം .
അരികില്‍ മോഹങ്ങളുടെ
ചിതല്‍ പുറ്റുകളും.
ജന്മത്തില്‍ നിന്നും
മരണത്തിലേക്കുള്ള യാത്ര
അവിടെ അവസാനിക്കും.
അപ്പോള്‍ മഴയില്‍ നനഞ്ഞ
വൃക്ഷങ്ങളില്‍ നിന്നും
നനഞ്ഞു കുതിര്‍ന്ന,
പഴുത്ത ഇലകള്‍
എന്റെ മേലും പൊഴിയാന്‍ തുടങ്ങും .
യാത്രയുടെ അന്ത്യം അവിടെയാണ് .

Thursday 1 January 2009

വായനശാല

തകര്‍ന്നടഞ്ഞ വായനശാലയുടെ
പൊടിപിടിച്ച അലമാരകളില്‍
പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു...
ഒരുവശത്ത് ഇനിയൊരിക്കലും
തുറക്കാത്ത ജനാലയ്ക്കരുകില്‍
ആരും വായിക്കാത്ത കഥകള്‍
ചിതലുകള്‍ വായിക്കുന്നു.
മറുവശത്ത് ഇനിയൊരിക്കലും
തുറക്കാത്ത വാതിലിനരുകില്‍
ആരും ചൊല്ലാത്ത കവിതകള്‍
പ്രാണഭയത്താല്‍ വീര്‍പ്പുമുട്ടുന്നു.
കാലൊടിഞ്ഞ മേശമേലിരിക്കുന്ന
തടിച്ച രജിസ്റ്റര്‍ പുസ്തകത്തിനു പുറത്ത്
മഷി തീര്‍ന്നു മരിച്ച ഒരു പേനയുടെ
ശവം ചീഞ്ഞു നാറുന്നുണ്ട് .
ചുവരിലെ ഇരുണ്ട കോണില്‍
ചിലന്തി വലകള്‍ക്കിടയില്‍
സമയം പോലും ചലനമറ്റു നില്ക്കുന്നു.
അവിടെ ഇരുട്ടില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന
നിലവിളി ശ്രദ്ധിച്ചോ ?
പുരാണങ്ങളും ഇതിഹാസങ്ങളും
മരണത്തോട് മല്ലിടുകയാണവിടെ.
ഇവിടെ ചുവരലമാരയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന
പോര്‍വിളി ശ്രദ്ധിച്ചോ ?
ബൈബിളും ഖുര്‍ ആനും ഗീതയും
പരസ്പരം പോരടിക്കുകയാണവിടെ.
തകര്‍ന്നടഞ്ഞ വായനശാലയുടെ
ജീര്‍ണിച്ച വാതായനങ്ങളില്‍
ആരോ മുട്ടി വിളിയ്ക്കുന്നുണ്ട് ....!
വിജ്ഞാനം ദാഹിച്ചാണ് വന്നതെങ്കില്‍
നിങ്ങള്‍ക്കിനി അജ്ഞാനത്തിന്റെ മഴ കുടിച്ചു
ദാഹമകറ്റാം.....
വെളിച്ചം കൊതിച്ചാണ് വന്നതെങ്കില്‍
നിങ്ങള്‍ക്കിനി തിരിയില്ലാത്ത വിളക്കുതെളിച്ച്
ഇരുട്ടകറ്റാം.....