Saturday, 9 May, 2009

വിശപ്പ്

പള്ളിക്കൂടത്തിന്റെ
വിള്ളലുകള്‍ വീണ
മണ്‍ചുവരില്‍ ചാരി
പുറകിലത്തെ ബഞ്ചില്‍
മഴനനഞ്ഞൊരു കുട്ടി
തണുത്തുവിറച്ചിരിപ്പുണ്ട്.
കുടുക്കുകള്‍ പൊട്ടി,
കീറലുകള്‍ വീണ,
നനഞ്ഞുകുതിര്‍ന്ന
അവന്റെ കുപ്പായത്തിനുള്ളില്‍
തെളിഞ്ഞുകാണുന്നത്
ദാരിദ്ര രേഖകള്‍
വരച്ചു
ചേര്‍ത്ത
വിശപ്പിന്റെ ഭൂപടമാണ്.
നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന
അക്ഷരങ്ങളൊലിച്ചുപോയ
കീറിപ്പറിഞ്ഞ പുസ്തകങ്ങളില്‍
ഒളിഞ്ഞിരിക്കുന്നത്
കണ്ണീരില്‍ കുതിര്‍ന്ന
ഒരു വിധവയുടെ സ്വപ്നങ്ങളാണ്.
കറുത്ത ബോര്‍ഡില്‍
എ പ്ലസ് ബിയും എ മൈനസ് ബിയും
തെളിഞ്ഞു മായുമ്പോള്‍
അവന്റെ കണ്ണുകളില്‍ തെളിയുന്നത്
വിശപ്പിന്റെ സമവാക്യങ്ങളാണ്.
കാതുകള്‍ തേടുന്നത് ഉച്ചക്കഞ്ഞിക്കായുള്ള
മണിമുഴക്കങ്ങളാണ്.
അധ്യാപകന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍
ഉത്തരങ്ങള്‍ തലകുനിക്കുമ്പോള്‍
കൈവെള്ളയില്‍ ചുവന്നപാടുകള്‍ തീര്‍ത്ത്
ചൂരല്‍ ഉയര്‍ന്നുതാഴും
അപ്പോള്‍ ചുണ്ടുകള്‍ വിറച്ച്
കണ്ണുനീര്‍ ശബ്ദങ്ങളില്ലാതെ ഇറ്റു വീഴും.
വേദന സിരകളില്‍ അഗ്നിയായ് പടരും.
കണ്ണുകള്‍ കറങ്ങി അവന്‍
നിലത്ത് വീഴുമ്പോഴും
അടക്കിപിടിച്ച ചിരികള്‍ ഉയര്‍ന്നു കേള്‍ക്കാം.
ഹോ...! കണ്ണട വച്ചിട്ടും അധ്യാപകന്റെ കണ്ണുകള്‍
കാണുന്നില്ലല്ലോ
പുറകിലത്തെ ബഞ്ചിലെ
ഒന്നും പഠിക്കാത്ത കുട്ടിയുടെ
ഉള്ളിലൂറുന്ന വിശപ്പ്.

34 comments:

...പകല്‍കിനാവന്‍...daYdreamEr... said...

പുറകിലത്തെ ബഞ്ചിലെ
ഒന്നും പഠിക്കാത്ത കുട്ടിയുടെ
ഉള്ളിലൂറുന്ന വിശപ്പ്.
........

നരിക്കുന്നൻ said...

ഹോ.. മനസ്സിലിത്ര വിങ്ങൽ തീർത്ത വരികൾ.. ഓരോ വരിയും ഹൃദയഭിത്തിയിൽ ആഞ്ഞ് തറക്കുന്നു. ഓരോ വരിയിലും വിശപ്പിന്റെ ഭൂപടം വരച്ച കുട്ടിയുടെ ദയനീയ മുഖം. പണ്ടൊരു മഴ നനഞ്ഞ ദിവസം എന്റെ ഓർമ്മയിലും ഇങ്ങനെയൊരു പിന്നിലത്തെ ബെഞ്ചും ഉച്ചക്കഞ്ഞിക്ക് കാതോർക്കുന്ന വിശന്നൊട്ടിയ വയറുമുണ്ടായിരുന്നു. അന്നും തന്റെ വെളുത്ത ചളിയൊട്ടിപ്പിടിച്ച കീറിയ കുപ്പായത്തിൽ നോക്കി പരിഹാസച്ചിരി ചിരച്ചവരുടെ കൂട്ടത്തിൽ കണ്ണടയുണ്ടായിട്ടും കാണാൻ കാഴ്ച നശ്ടപ്പെട്ട അദ്ധ്യാപകനും ഉണ്ടായിരുന്നു.

ഈ മണലാരണ്യത്തിന്റെ പ്രക്ഷുബ്ധതയിലേക്ക് ഓർമ്മകളിൽ കരിഞ്ഞുണങ്ങി തുടങ്ങിയ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലങ്കിലും ആ നനുത്ത ഓർമ്മകളിലേക്ക് എന്നെ കൊണ്ട്പോയതിന് നന്ദി.

മനോഹരമായ രചനാ ശൈലി.ഒരിക്കൽ കൂടി വായിക്കട്ടേ..ഇനിയും ഇനിയും....

ഹരിശ്രീ said...

നല്ല രചന

ആശംസകള്‍....

കണ്ണനുണ്ണി said...

വല്ലാത്തൊരു നൊമ്പരം മനസ്സില്‍ നിറയ്ക്കുന്നുട്ടോ.. ശ്രീ യുടെ വരികള്‍ കൊളുത്തി വിട്ട ചിന്തകള്‍... അഭിനന്ദനങള്‍..

പണ്യന്‍കുയ്യി said...

ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് ശ്രീ ഭാവുകങ്ങള്‍ . , നരിക്കുന്നാ നമു‌ടെ പഴയ അനുഭവങ്ങളാണ് നമ്മെ വിജയിക്കാന്‍ പ്രേരിപ്പിക്കുന്നത് .

വിജയലക്ഷ്മി said...

mone nallakavitha..manasakshiyullavare vedanippikkunna chinthippikkunna varikal.(pakshe ikkaalathhu mattullavarude vishappum vishamangalum manassilakkaan aarum sramikkarilla ennathanu sathyam.)manassil thattunna anubhavangalaanu ingineyulla kruthikalkkaadhaaram ennunjan vishwasikkunnu..ingine prathikarikkaan kazhiyumaarakatte aashamsakal!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ശ്രീ ഇടമൺ,

വളരെ ഹൃദയസ്പർശിയായ വരികൾ

ഉച്ചക്ക് കിട്ടുന്ന ഉപ്പ് മാവ് കഴിക്കാൻ മാത്രം സ്കൂളിൽ വന്നിരുന്ന കുട്ടികൾ.. ഉപ്പ് മാവ് വിളമ്പുന്ന സമയത്ത് ആദ്യം തന്റെ ഇലയിൽ വാങ്ങി മാറ്റി വെച്ച് വീണ്ടും പന്തിയിൽ പതുങ്ങിയിരുന്ന പ്രിയ കൂട്ടുകാരനെ കയ്യോടെ പിടിച്ച് ചോദ്യം ചെയ്യുന്ന പ്യൂണിനെ കല്ലെടുത്തെറിയാൻ തോന്നിയ ദിവസം ഞാനോർത്തു. എനിക്കറിയാമായിരുന്നു അവന്റെ വീട്ടിലേക്ക് മാറ്റി വെച്ച ആദ്യ വിഹിതത്തിനു കാത്തിരിക്കുന്ന വയറുകളുടെ കാളൽ :(

പ്രിയ സുഹൃത്തേ കണ്ണു നനയിച്ചു താങ്കൾ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഒരു കാര്യം വിട്ടു പോയി..

ഇന്നത്തെ കുട്ടികൾക്കിടയിൽ ഈ കവിത ചൊല്ലിയാൽ ഒരു പക്ഷെ താങ്കളെ അവർ പരിഹസിച്ചേക്കാൻ ഇടയുണ്ട്.

SreeDeviNair.ശ്രീരാഗം said...

വിശപ്പിന്റെ വിളി...
പഠിപ്പിന്റെ വിശപ്പ്..
നന്നായി..


സ്നേഹത്തോടെ,
ശ്രീദേവിനായര്‍

അരുണ്‍ കായംകുളം said...

താജ്മഹലില്‍ പുതിയ കവിത വന്നത് ഇന്നാ കണ്ടത്.
നന്നായിരിക്കുന്നു

കെ.കെ.എസ് said...

നന്നാ‍യിരിക്കുന്നു.വരിങൾക്കിടയിൽ വിങുന്ന ഒരു
നെടുവീർപ്പ്

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

കവിത വായിക്കുകയും ചെയ്തു. തഴയപ്പെട്ടവരെ ആരെങ്കിലുമൊക്കെ ഓർക്കുന്നുണ്ടല്ലൊ; നന്നായി.

Rani Ajay said...

ശ്രീ വളെരെ നന്നായിട്ടുണ്ട് ... നൊമ്പരം ഉണര്‍ത്തുന്ന വരികള്‍

Sukanya said...

"കണ്ണട വച്ചിട്ടും അധ്യാപകന്റെ കണ്ണുകള്‍കാണുന്നില്ലല്ലോ".
നന്നായിരിക്കുന്നു. ആശംസകള്‍.

പി.സി. പ്രദീപ്‌ said...

ശ്രീ,
നന്നായിട്ടുണ്ട്.

hAnLLaLaTh said...

കര്‍ക്കിടകത്തിലെ പെരുമഴയില്‍ കുടയില്ലാതെ, കീറിയ പുസ്തകങ്ങള്‍ മാറിലടുക്കി അവന്‍...!
കുളക്കടവില്‍,
അമ്മ പറഞ്ഞ മാണിക്യ സൂക്ഷിക്കുന്ന പാമ്പിനെത്തിരഞ്ഞ് അവന്‍...
ഇന്ന്...
മാഷ്‌ പറഞ്ഞ നല്ല കാലത്തിന്റെ സമൃദ്ധിയില്‍ ഉള്ളു നിറയെ സന്തോഷവുമായി...
മുറിവുകളുടെ ഉണങ്ങിയ മുറിച്ചുണ്ടുകളില്‍ തലോടി...അവന്‍....!

sandra said...

നല്ലൊരു ചിത്രം വരിക്കുന്ന വരികള്‍ ........മനോഹരം .

Lichu........ said...

oh!........vayichu kazhinjappo manassinu vallatha oru vishamam.......pavam kutty....aa kuttyyude avastha nannayi avatharippichittund......athukondavam manassil ninnum aa kuttiyude chithram mayunnilla.......

ജ്വാല said...

“ഹോ...! കണ്ണട വച്ചിട്ടും അധ്യാപകന്റെ കണ്ണുകള്‍
കാണുന്നില്ലല്ലോ
പുറകിലത്തെ ബഞ്ചിലെ
ഒന്നും പഠിക്കാത്ത കുട്ടിയുടെ
ഉള്ളിലൂറുന്ന വിശപ്പ്.“
ആരും അറിയാത്ത നിശബ്ദനായ ആ കുട്ടി മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കി.

Sureshkumar Punjhayil said...

Ente suhruthu Vaasu vine orthupokunnu... Nannayirikkunnu. Ashamsakal...!!!

നൊമാദ് | A N E E S H said...

ശ്രീ, നല്ല കവിതയാണ്. ഒന്നുകൂടെ ചുരുക്കിയെഴുതിയെങ്കില്‍ പവര്‍ഫുള്‍ ആയേനേ എന്ന് തോന്നി

പി എ അനിഷ്, എളനാട് said...

വൈകിയാണിവിടെ വന്നത്
നല്ല എഴുത്ത്

ജുനൈദ് ഇരു‌മ്പുഴി said...

ശ്രീയുടെ രചനകളിലെ ‘അതുഗ്രൻ‘

“ഹോ...! കണ്ണട വച്ചിട്ടും അധ്യാപകന്റെ കണ്ണുകള്‍
കാണുന്നില്ലല്ലോ
പുറകിലത്തെ ബഞ്ചിലെ
ഒന്നും പഠിക്കാത്ത കുട്ടിയുടെ
ഉള്ളിലൂറുന്ന വിശപ്പ്“

ശ്രീഇടമൺ said...

പകല്‍കിനാവന്‍,
നരിക്കുന്നന്‍,
ഹരിശ്രീ,
കണ്ണനുണ്ണി,
പണ്യന്‍കുയ്യി,
വിജയലക്ഷ്മി,
ബഷീര്‍ വെള്ളറക്കാട്‌,
ശ്രീദേവിനായര്‍,
അരുണ്‍ കായംകുളം,
കെ.കെ.എസ്,
ഇ.എ.സജിം തട്ടത്തുമല,
റാണിഅജയ്,
സുകന്യ,
പി.സി. പ്രദീപ്‌,
ഹന്‍ലലത്ത്,
സാന്ദ്ര,
ലിച്ചു,
ജ്വാല,
സുരേഷ് കുമാര്‍ പുഞ്ചയില്‍,
നൊമാദ് | A N E E S H,
പി എ അനിഷ്, എളനാട്,
ജുനൈദ് ഇരു‌മ്പുഴി


നന്ദി സുഹൃത്തുക്കളേ...
മുടങ്ങാതെയുള്ള വരവിനും വായനയ്ക്കും അഭിപ്രായത്തിനും
എല്ലാര്‍ക്കും ഒരായിരം നന്ദി...*
വീണ്ടും വരുമല്ലോ...?

സ്നേഹപൂര്‍വ്വം...*

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നും പഠിക്കാത്ത കുട്ടിയുടെ
ഉള്ളിലൂറുന്ന വിശപ്പ്.

!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

നനഞ്ഞുകുതിര്‍ന്ന
അവന്റെ കുപ്പായത്തിനുള്ളില്‍
തെളിഞ്ഞുകാണുന്നത്
ദാരിദ്ര രേഖകള്‍
വരച്ചു ചേര്‍ത്ത
വിശപ്പിന്റെ ഭൂപടമാണ്.

ശ്രീ മനോഹരം, ഇനിയും ഉതിര്‍ന്നു വീഴട്ടെ ഇത് പോലെ മനോഹരമായ സൃഷ്ടികള്‍ നിന്റെ തൂലികയില്‍ നിന്നും

sAk said...

"കണ്ണട വച്ചിട്ടും അധ്യാപകന്റെ കണ്ണുകള്‍കാണുന്നില്ലല്ലോ"
എന്തുമാത്രം ഗഹനമായ വരികള്‍ ...
ഒത്തിരി ആശംസകള്‍....

ശ്രീഇടമൺ said...

പ്രിയ ഉണ്ണികൃഷ്ണന്‍,
കുറുപ്പേട്ടന്‍,
sAk...

നന്ദി സുഹൃത്തുക്കളേ
വായനയ്ക്കും അഭിപ്രായത്തിനും..
വീണ്ടും കാണാം...

ഒത്തിരി സ്നേഹത്തോടെ...*

lijeesh k said...

നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന
അക്ഷരങ്ങളൊലിച്ചുപോയ
കീറിപ്പറിഞ്ഞ പുസ്തകങ്ങളില്‍
ഒളിഞ്ഞിരിക്കുന്നത്
കണ്ണീരില്‍ കുതിര്‍ന്ന
ഒരു വിധവയുടെ സ്വപ്നങ്ങളാണ്.
ഒരു കുട്ടിയുടെയും അമ്മയുടെയും നിസ്സഹായവസ്ത...
നന്നായിട്ടുണ്ട് ശ്രീ....
ആശംസകള്‍...!!

ശ്രീഇടമൺ said...

നന്ദി ലിജീഷ്...
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്...

വീണ്ടും കാണാം...

സസ്നേഹം...*

വരവൂരാൻ said...

നമിക്കുന്നു...
ഈ എഴുത്തിനു മുൻപിൽ
ഹൃദയം നിറഞ്ഞ ആശംസകൾ,

ശ്രീഇടമൺ said...

വരവൂരാന്‍,
ഒത്തിരി നന്ദി...
മുടങ്ങാതെയുള്ള വരവിനും
വാക്കുകളിലൂടെയുള്ള വിലമതിക്കാനാകാത്ത
പ്രോത്സാഹനത്തിനും..
വീണ്ടും കാണാം..

സ്നേഹത്തോടെ...

bilatthipattanam said...

കൊള്ളാം കേട്ടോ...

ശ്രീഇടമൺ said...

നന്ദി ബിലാത്തിപ്പട്ടണം...
ബ്ലോഗ് സന്ദര്‍ശിച്ചതിനും
അഭിപ്രായത്തിനും

വീണ്ടും വരുമല്ലോ...

സ്നേഹത്തോടെ...*